ചെന്നൈ : ഓണത്തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിരക്ക് കുറയ്ക്കാൻ മുൻവർഷങ്ങളിലെല്ലാം പാലക്കാടുവഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചിരുന്നു.
ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേകവണ്ടികൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാരും മലയാളിസംഘടനകളും ഒരു മാസംമുൻപുതന്നെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഓണഘോഷത്തിന് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂവെങ്കിലും ഇനിയും പ്രത്യേക വണ്ടികൾ അനുവദിച്ചിട്ടില്ല.
ഓണത്തിന് പ്രത്യേക വണ്ടി അനുവദിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ, മധുര, ദിണ്ടിക്കൽ വഴി ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വണ്ടി മാത്രമാണ് അനുവദിച്ചത്. ഈ വണ്ടി തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് മാത്രമാണ് പ്രയോജനപ്പെടുക.
കേരളത്തിലെ എല്ലാ ജില്ലകളിലെ യാത്രക്കാർക്കും ഉപകാരപ്പെടണമെങ്കിൽ ചെന്നൈ സെൻട്രലിൽനിന്ന് പാലക്കാടുവഴി തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പ്രത്യേക വണ്ടികൾ അനുവദിക്കണം.
12, 13 തീയതികളിൽ കേരളത്തിന്റെ ഇരുഭാഗങ്ങളിലേക്കും ഓണത്തിനുശേഷം 16, 17, 18 തീയതികളിൽ കേരളത്തിൽനിന്ന് തിരിച്ചും പ്രത്യേക വണ്ടികൾ അനുവദിക്കണം.
ഈ തീയതികളിലാണ് കേരളത്തിലേക്കുള്ള പ്രതിദിന വണ്ടികളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്നത്. പ്രത്യേകവണ്ടികളുടെ പ്രഖ്യാപനം വൈകുന്നത് പരോക്ഷമായി സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതിന് തുല്യമാണെന്നും യാത്രക്കാർ ആരോപിക്കുന്നു.
യാത്രത്തിരക്ക് കുറയ്ക്കാൻ ജനറൽ കോച്ചുകൾ, സ്ലീപ്പർ കോച്ചുകൾ, എ.സി. കോച്ചുകൾ എന്നിവ ഉൾപ്പെടെയുള്ള വണ്ടികളാണ് അനുവദിക്കേണ്ടത്.
എ.സി. കോച്ചുകൾമാത്രം അടങ്ങിയ വണ്ടികൾ അനുവദിച്ചാൽ സാധാരണയാത്രക്കാർ ബുദ്ധിമുട്ടും.
സ്ലീപ്പർകോച്ചുകൾമാത്രം അടങ്ങിയ വണ്ടി കഴിഞ്ഞവർഷം താംബരത്തുനിന്ന് മംഗളൂരുവിലേക്ക് അനുവദിച്ചപ്പോൾ സീറ്റുകളെല്ലാം മിനിറ്റുകൾക്കുള്ളിൽ ബുക്കുചെയ്തിരുന്നുവെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.