Read Time:1 Minute, 24 Second
ചെന്നൈ : ഡൽഹിയിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് വന്ന തമിഴ്നാട് എക്സ്പ്രസ് തീവണ്ടിയിൽനിന്ന് 1556 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു.
തിങ്കളാഴ്ച രാവിലെ ചെന്നൈ സെൻട്രലിലെത്തിയ തമിഴ്നാട് എക്സ്പ്രസിൽനിന്ന് ദുർഗന്ധം പരക്കുന്നതായി കണ്ടതിനെത്തുടർന്നാണ് തീവണ്ടിയിൽ പരിശോധന ആരംഭിച്ചത്.
വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ സംഭവസ്ഥലത്തെത്തി ഇറച്ചി കണ്ടെടുത്തു. ഇറച്ചിക്ക് എത്രദിവസത്തെ പഴക്കമുണ്ടെന്ന് അറിയാനായി സാംപിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഏതു സംസ്ഥാനത്തുനിന്നാണ് ഇറച്ചി ബുക്ക് ചെയ്ത് തീവണ്ടിയിൽ കയറ്റിയതെന്നും അന്വേഷിച്ചുവരുകയാണ്.
ചെന്നൈയിലെ ഹോട്ടലുകളിൽ വിതരണംചെയ്യാനായി എത്തിച്ചതാണ് ഇറച്ചിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് റെയിൽവേ പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു.