പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു കപടശാസ്ത്ര പ്രചാരണം നടത്തിയതായി ആരോപണം

0 0
Read Time:3 Minute, 44 Second

ചെന്നൈ : പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ചെന്നൈയിലെ സ്കൂളുകളിൽ നടത്തിയ വിവാദ പ്രഭാഷണം യൂട്യൂബിൽനിന്നു നീക്കി.

തന്റെ പ്രഭാഷണത്തിൽ അധിക്ഷേപകരമായി ഒന്നുമില്ലായിരുന്നെന്നും തെറ്റിദ്ധാരണ കാരണമാണ് പരാതികൾ ഉയർന്നതെന്നുമാണ് മഹാവിഷ്ണു പോലീസിനു മൊഴി നൽകിയത്.

ചെന്നൈ നഗരത്തിലെ രണ്ട് സ്കൂളുകളിൽ വ്യക്തിത്വ വികസന ക്ലാസ് എന്ന പേരിൽ ആത്മീയ പ്രഭാഷണം നടത്തിയ മഹാവിഷ്ണു കപടശാസ്ത്രം പ്രചരിപ്പിക്കുകയും ഭിന്നശേഷിക്കാരെ അവഹേളിക്കുകയും ചെയ്തെന്നാണ് പരാതി.

പ്രഭാഷണത്തിന്റെ വീഡിയോ മഹാവിഷ്ണുതന്നെ യൂ ട്യൂബിലിട്ടിരുന്നു. ഇയാൾ അറസ്റ്റിലായതിനു പിന്നാലെയാണ് യൂ ട്യൂബ് അത് നീക്കം ചെയ്തത്. 15 ദിവസത്തേക്കു റിമാൻഡു ചെയ്യപ്പെട്ട മഹാവിഷ്ണു ഇപ്പോൾ പുഴൽ സെൻട്രൽ ജയിലിലാണുള്ളത്.

ഋഷിമാരിൽനിന്നു ലഭിച്ച നിർദേശങ്ങളനുസരിച്ചാണ് താൻ പ്രഭാഷണം നടത്തുന്നത് എന്നാണ് അറസ്റ്റിനു മുൻപ് പോലീസ് ചോദ്യം ചെയ്തപ്പോൾ മഹാവിഷ്ണു പറഞ്ഞത്

. ഋഷിമാരാണ് മാർഗനിർദേശങ്ങൾ നൽകുന്നത്. ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്ന ഒന്നും പ്രഭാഷണത്തിലുണ്ടായിരുന്നില്ലെന്നും തെറ്റിദ്ധാരണ കാരണമാണ് വിവാദങ്ങളുയർന്നതെന്നും മഹാവിഷ്ണു പറഞ്ഞു.

ഇതേ ആശയമുള്ള പ്രഭാഷണങ്ങൾ താൻ പല തവണ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പോലീസിനെ അറിയിച്ചു.

ചെന്നൈ അശോക് നഗറിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സെയ്ദാപ്പേട്ട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് മഹാവിഷ്ണു പ്രഭാഷണം നടത്തിയത്.

മന്ത്രോച്ചാരണംകൊണ്ട് രോഗം മാറ്റാമെന്നും അഗ്നി ജ്വലിപ്പിക്കാമെന്നും പ്രഭാഷണങ്ങളിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ജാതി വ്യവസ്ഥയെ ന്യായീകരിക്കുകയും മുജ്ജന്മ പാപങ്ങളുടെ ഫലമായാണ് ചിലർക്ക് അംഗ വൈകല്യമുണ്ടാകുന്നത് എന്നും പറയുകയും ഇതിനെ ചോദ്യം ചെയ്ത കാഴ്ച പരിമിതിയുള്ള അധ്യാപകനുമായി തർക്കിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചെന്നു ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിലായിരുന്ന മഹാവിഷ്ണുവിനെ അവിടെനിന്ന് വിമാനമിറങ്ങിയ ഉടനെയാണ് ചെന്നൈ വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റുചെയ്തത്.

ഇത്തരം പ്രഭാഷണത്തിന് വേദി നൽകിയതിന് രണ്ടുസ്കൂളിന്റെയും പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. സ്കൂളുകളിലെ പ്രഭാഷണ പരിപാടികൾക്ക് മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts