കടുത്തുരുത്തി :പ്രണയിച്ച പെണ്കുട്ടി വിദേശത്ത് പഠിക്കാന് പോയത്, വീട്ടുകാരുടെ നിര്ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്ക്കാന് കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്കുട്ടിയുടെ അച്ഛന് അയച്ചു നല്കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര് കുറ്റകൃത്യങ്ങള്.
ഒടുവില് പെണ്കുട്ടിയുടെ പിതാവ് പരാതി നല്കിയതിനെ തുടര്ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ.
കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്.പി സ്കൂള് ഭാഗത്ത് പോള് വില്ലയില് ജോബിന് ജോസഫ് മാത്യു (19)വിനെയാണു പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
പ്രണയിച്ച സമയത്ത് ഒപ്പമുണ്ടായിരുന്നപ്പോള് പകര്ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെണ്കുട്ടിയുടെ പിതാവിന് അയച്ചു നല്കിയാണു യുവാവു രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നത്.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില് വെര്ച്വല് ഫോണ് ഉപയോഗിച്ചു പെണ്കുട്ടിയുടെ പിതാവിനു ചിത്രങ്ങളും വീഡിയോയും അയച്ചു നല്കിയ പ്രതിയെയാണു കടുത്തുരുത്തി സ്റ്റേഷന് ഹൗസ് ഓഫിസര് ഇന്സ്പെക്ടര് ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാസങ്ങള്ക്കു മുന്പായിരുന്നു കേസിനാസ്പദമായ സംഭവം.