പ്രീമിയം സ്മാർട്ഫോണ് എന്ന നിലയില് ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള് ബഹുദൂരം പിന്നില് ഓടുകയാണെന്ന വിമർശനം ശക്തമാണ്.
ഐഫോണ് 16 സീരീസിനൊപ്പം ആപ്പിള് അവതരിപ്പിച്ച ഫീച്ചറുകളില് ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള് ഏതാനും വർഷങ്ങള്ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില് അവതരിപ്പിച്ചിരുന്നതാണ്.
ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്.
‘ഇത് മടക്കാൻകഴിയുമ്ബോള് ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല് കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ് പറയുന്നു.
ഐഫോണ് 16, ഐഫോണ് 16 പ്ലസ്, ഐഫോണ് 16 പ്രോ, ഐഫോണ് 16 പ്രോ മാക്സ് എന്നിങ്ങനെ ആപ്പിള് പുതിയതായി നാല് ഐഫോണുകളാണ് അവതരിപ്പിച്ചത്.
ഇത്തവണയെങ്കിലും ആപ്പിള് ഒരു ഫോള്ഡബിള് ഐഫോണ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് സാംസങ് ആദ്യ ഗാലക്സി ഫോള്ഡ് അവതരിപ്പിച്ചത്.
തുടർന്ന് മറ്റ് വിവിധ ആൻഡ്രോയിഡ് ബ്രാന്റുകളും ഫോള്ഡബിള് ഫോണുമായി രംഗത്തെത്തിയിരുന്നു. ട്രിപ്പിള് ഫോള്ഡ് സ്മാർട്ഫോണുകള് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ചില കമ്ബനികള്.
അഞ്ച് വർഷങ്ങള് പിന്നിട്ടിട്ടും സ്വന്തം ഫോള്ഡബിള് ഫോണ് പുറത്തിറക്കാൻ ഈ മുൻനിര സ്മാർട്ഫോണ് ബ്രാന്റിന് സാധിച്ചിട്ടില്ലെന്നതാണ് അതിശയകരം.
ഐഫോണ് 16 സീരീസ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കളിയാക്കി സാംസങ് രംഗത്ത് വന്നതും ഇക്കാരണത്താലാണ്. പുതിയ കണ്ടെത്തലുകള് നടത്തുന്നത് പത്ത് വർഷം മുമ്ബ് തന്നെ ആപ്പിള് അവസാനിപ്പിച്ചതാണെന്ന് ഒരു എക്സ് യൂസർ പറയുന്നു.
ആപ്പിള് ഇന്റലിജൻസിനെയും സാംസങ് ഒരു എക്സ് പോസ്റ്റില് കളിയാക്കി.’ഞങ്ങള് ചിലപ്പോള് നിങ്ങളുടെ എഐയുമായി ബന്ധപ്പെട്ട പ്രതീക്ഷകള് വളരെ ഉയർത്തിയിരിക്കാം’ സാംസങ് പറഞ്ഞു.
മുമ്ബും സാംസങ് ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളും കലാ ഉപകരണങ്ങളും ഹൈഡ്രോലിക് പ്രസില് നശിപ്പിക്കുന്നതായി കാണിക്കുന്ന പുതിയ ആപ്പിളിന്റെ ഐപാഡ് പ്രോ പരസ്യം വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. ആപ്പിളിന്റെ പരസ്യം നിർത്തിയ ഇടത്ത് നിന്ന് ആരംഭിക്കും വിധമുള്ള പുതിയ പരസ്യ വീഡിയോ ആണ് സാംസങ് അവതരിപ്പിച്ചത്.