ചെന്നൈ : പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് മോട്ടോഴ്സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദർശിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി.
ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാൻ കമ്പനി അധികൃതർ ഈ മാസം അവസാനം തമിഴ്നാട് സന്ദർശിക്കുമെന്നാണ് അറിയുന്നത്.
മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോർഡ് മോട്ടോഴ്സ് അധികൃതരുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്നാടുമായി ഫോർഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
തമിഴ്നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോർഡ് അധികൃതരും സ്ഥിരീകരിച്ചു.
ലോകത്തെ ജനപ്രിയ കാർ നിർമാതാക്കളിൽ ഒന്നായിരുന്ന ഫോർഡ് 1995-ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. തമിഴ്നാട്ടിലെ മറൈമലൈ നഗറിലും ഗുജറാത്തിലെ സാനന്ദിലുമാണ് ഫാക്ടറികളുണ്ടായിരുന്നത്.
വൻനഷ്ടം വന്നതിനെത്തുടർന്ന് ഇന്ത്യ വിടുന്നതായി 2021-ലാണ് കമ്പനി അറിയിച്ചത്. 2022-ൽ ഫാക്ടറികൾ പൂട്ടുകയും ചെയ്തു. ഗുജറാത്തിലെ ഫാക്ടറി വിറ്റെങ്കിലും തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും കൈയൊഴിഞ്ഞിട്ടില്ല.
അത് വീണ്ടും തുറക്കുമെന്ന പ്രതീക്ഷ തമിഴ്നാടിന് ഉണ്ടായിരുന്നു. ഏതാനും മാസങ്ങളായി ഇതു സംബന്ധിച്ച ചർച്ച നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഫോർഡിനെ നേരിട്ട് ക്ഷണിച്ചത്.
ഫോർഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകൾ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കാൻ ആലോചനയുണ്ട്. എസ്.യു.വിയായ എൻഡവർ നേരത്തേ ഇവിടെയാണ് നിർമിച്ചിരുന്നത്.
അത് പുനരാരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫാക്ടറി തുറന്നാൽ ഇവിടെ 3000-ത്തിലേറെപ്പേർക്ക് ജോലി ലഭിക്കും.