ചെന്നൈ : സാമൂഹികപരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ.
ഡി.എം.കെ., അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ. പാർട്ടികളെക്കൂടാതെ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ.) പെരിയാറിനെ അനുസ്മരിച്ചു.
പെരിയാർ സ്മാരകം സന്ദർശിച്ച വിജയ് പൂക്കളർപ്പിച്ചു. ടി.വി.കെ. ജനറൽസെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ വിജയ്ക്കൊപ്പമുണ്ടായിരുന്നു.
യുക്തിചിന്ത, സാമൂഹികനീതി, തുല്യത, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവ പ്രചരിപ്പിക്കുന്നതിൽ പെരിയാറിന്റെ ദർശനങ്ങൾക്ക് വലിയപങ്കുണ്ടായിരുന്നെന്ന് വിജയ് എക്സിൽ കുറിച്ചു.
ജാതി, മത ചിന്തകളിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ ജനങ്ങളെ ഉണർത്താൻ അദ്ദേഹത്തിനുസാധിച്ചെന്നും വിജയ് കൂട്ടിച്ചേർത്തു.
തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ സ്റ്റാലിനും പെരിയാറെ അനുസ്മരിച്ചു. സ്റ്റാലിൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പെരിയാറിന്റെ ഛായാചിത്രത്തിൽ പൂക്കൾ അർപ്പിച്ചു.
സേലത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പെരിയാറിനെ അനുസ്മരിച്ചു. സേലം കളക്ടറേറ്റിലെ പെരിയാർ പ്രതിമയിൽ പളനിസ്വാമി ഹാരമണിയിച്ചു.
ദിണ്ടിവനത്തുള്ള പെരിയാർ പ്രതിമയിൽ പി.എം.കെ. സ്ഥാപകൻ എസ്. രാമദാസും പാർട്ടി പ്രസിഡന്റ് അൻപുമണി രാമദാസും ഹാരമണിയിച്ചു.
ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈയുടെ നേതൃത്വത്തിൽ നേതാക്കൾ ചെന്നൈയിലെ പെരിയാർ സ്മാരകത്തിൽ പൂക്കളർപ്പിച്ചു.