ചെന്നൈ : കടംനൽകിയവർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചതിൽ മനംനൊന്ത് 45 കാരൻ ജീവനൊടുക്കി. ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പണമിടപാടുകാരായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയിൽ ബേക്കറി നടത്തുന്ന മേലൂർ സ്വദേശി രാജ (45)യാണ് മരിച്ചത്. വിഷംഉള്ളിൽച്ചെന്ന് ഭാര്യ മലൈശെൽവി (38) ആശുപത്രിയിൽ ചികിത്സയിലാണ്.
പണമിടപാടുകാരായ വിനോദ് (23), ശിവകുമാർ(21) എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി നന്നാക്കാനായി രാജ വിനോദിന്റെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു.
എന്നാൽ വ്യാപരം തീരെ കുറവായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട തനിക്ക് പണം തൽക്കാലം തിരികെ നൽകാനാവില്ലെന്ന് രാജ പണം വാങ്ങിയവരോട് കെഞ്ചിയെങ്കിലും അവർ കൂട്ടാക്കിയില്ല.
വിനോദിന്റെ വീട്ടിലെ ശൗചാലയം കഴുകാൻ രാജയോട് ആവശ്യപ്പെട്ടതായും പൊതുജനമധ്യത്തിൽ വെച്ച് അസഭ്യം പറഞ്ഞതായും പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് രാജയും ഭാര്യയും ആത്മഹത്യക്ക് ഒരുങ്ങുകയായിരുന്നു.