ഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0 0
Read Time:3 Minute, 18 Second

ചെന്നൈ : അൻപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചെന്നൈ വ്യാസാർപാടിയിൽ ബുധനാഴ്ച രാവിലെ 4.50-ന് നടന്ന ഏറ്റുമുട്ടലിൽ കാക്കാതോപ്പ് ബാലാജിയാണ് (41) കൊല്ലപ്പെട്ടത്. കാറിൽ കഞ്ചാവുമായി പോകുന്നതിനിടെയാണ് സംഭവം.

പോലീസുകാർക്കുനേരേ ബാലാജി നിറയൊഴിച്ചതിനെത്തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് മരിച്ചതെന്ന് ചെന്നൈ നോർത്ത് മേഖല ജോയിന്റ് കമ്മിഷണർ പർവേശ് കുമാർ പറഞ്ഞു. ബാലാജി സഞ്ചരിച്ച കാറിൽനിന്ന് 10 കിലോ കഞ്ചാവും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്.

കൊടുങ്ങയ്യൂർ മുല്ലൈനഗറിൽ വാഹനപരിശോധന നടത്തിയ പോലീസ് സംഘം അതുവഴിയെത്തിയ കാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളെ ചോദ്യംചെയ്തുതുടങ്ങിയ ഉടൻ ഡ്രൈവിങ് സീറ്റിലുള്ള ബാലാജി കാറുമായി മുന്നോട്ടുകുതിച്ചു.

കാറിനെ പിന്തുടർന്നെത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ വ്യാസാർപാടിയിലുള്ള പഴയ ബി.എസ്.എൻ.എൽ. ക്വാർട്ടേഴ്‌സിന് സമീപം ബാലാജിയെ കണ്ടെത്തി. പോലീസിനെ കണ്ട ബാലാജി ഇവർക്കുനേരേ കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടുതവണ നിറയൊഴിച്ചു. ഇതിനെ ചെറുക്കാൻ ഇൻസ്പെക്ടർ ശരവണൻ, ബാലാജിക്കുനേരേ വെടിവെച്ചു.

വെടിയേറ്റുവീണ ബാലാജിയെ ഉടൻ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സ്വരക്ഷയ്ക്കും പൊതുജനസുരക്ഷയ്ക്കും വേണ്ടിയുമാണ് ബാലാജിക്കുനേരേ ഇൻസ്പെക്ടർ വെടിവെച്ചതെന്ന് ജോയിന്റ് കമ്മിഷണർ വിശദീകരിച്ചു. ആറ് കൊലപാതകം, 17 കൊലപാതകശ്രമം അടക്കം 59 ക്രിമിനൽക്കേസിൽ പ്രതിയായ ബാലാജി, 10 തവണ ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട്.

ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ് കൊല്ലപ്പെട്ടതിനുശേഷം കഴിഞ്ഞ രണ്ടുമാസത്തിനിടെ ചെന്നൈ നഗരത്തിൽ നടന്ന രണ്ടാമത്തെ പോലീസ് ഏറ്റുമുട്ടലാണിത്.

ആംസ്‌ട്രോങ്ങിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ തിരുവെങ്കിടമാണ് ഇതിനുമുൻപ്‌ കൊല്ലപ്പെട്ടത്. അതേസമയം, ബാലാജിക്ക് ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts