Read Time:1 Minute, 21 Second
ചെന്നൈ : തമിഴ്നാട്ടിലെ സാംസങ് ഇലക്ട്രോണിക്സ് പ്ലാന്റിലെ തൊഴിലാളികൾ നടത്തിവരുന്ന സമരം വ്യാഴാഴ്ചയോടെ പത്തുദിവസം പിന്നിട്ടു.
വാഷിങ് മെഷീൻ, എ.സി, റെഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന ശ്രീപെരുംപുദൂരിലെ സുങ്കുവർഛത്രം പ്ലാന്റിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്.
വേതനം വർധിപ്പിക്കുക, തൊഴിലാളിയൂണിയന് അംഗീകാരം നൽകുക, ജോലിസമയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്.
സി.ഐ.ടി.യുവിന്റെ പിന്തുണയോടെ നടക്കുന്ന സമരത്തിൽ 1500-ഓളം ജീവനക്കാർ പങ്കെടുത്തതോടെ ഉത്പാദനത്തെ സാരമായി ബാധിച്ചു.
സി.ഐ.ടി.യു.വിന് കീഴിലെ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയനും കമ്പനി അധികൃതരും പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് സാംസങ് അധികൃതരുടെ പ്രതികരണം.