ചെന്നൈ : ഓണത്തിനുപിന്നാലെ പൂജാ അവധിയുടെ യാത്രാത്തിരക്കും മുതലാക്കാൻ കഴുത്തറപ്പൻ നിരക്കുമായി സ്വകാര്യബസുകൾ. പൂജയോടടുത്ത ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളത്തേക്ക് 4000 രൂപവരെയാണ് ഈടാക്കുന്നത്.
ഒക്ടോബർ പത്തിനുപുറപ്പെടുന്ന ബസുകളിലാണ് ടിക്കറ്റുനിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്. തീവണ്ടികളിലെ ടിക്കറ്റുകൾ നേരത്തേതന്നെ തീർന്നതാണ് സ്വകാര്യബസുകൾ മുതലെടുക്കുന്നത്.
ചെന്നൈയിൽനിന്ന് എറണാകുളംവരെ കെ.എസ്.ആർ.ടി.സി. ബസിലെ നിരക്ക് 1741 രൂപയാണ്. എ.സി. ബസാണെങ്കിലും ഇത് സ്ലീപ്പറല്ല. സ്വകാര്യബസുകളിൽ മിക്കതും സ്ലീപ്പറാണ്. എന്നാൽ സ്വകാര്യ സെമിസ്ലീപ്പർ ബസുകളിൽപ്പോലും 3000 രൂപവരെ ഈടാക്കുന്നുണ്ട്. സ്ലീപ്പറുകളിൽ മിക്കതിലും 3000-3500 രൂപയാണ് നിരക്ക്. ഫ്ലക്സി ടിക്കറ്റ് എന്നുപറഞ്ഞാണ് 4000 രൂപവരെ ഈടാക്കുന്നത്. യാത്രാത്തിരക്ക് കൂടിയാൽ ഇതിനിയും ഉയരും.
ഓണത്തിന് കെ.എസ്.ആർ.ടി.സി. ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേകസർവീസ് നടത്തിയിരുന്നു. എന്നാൽ പൂജാ സ്പെഷ്യൽ പ്രഖ്യാപിച്ചിട്ടില്ല. പൂജാ സ്പെഷ്യൽ തീവണ്ടിസർവീസും പ്രഖ്യാപിക്കാൻ വൈകുകയാണ്.
ഉത്സവകാലത്ത് സ്വകാര്യബസുകൾ വൻനിരക്ക് ഈടാക്കുന്നതിനെതിരേ മുൻപ് പരാതിയുയർന്നപ്പോൾ കേരള ട്രാൻസ്പോർട്ട് കമ്മിഷണർ ഇടപെട്ട് ഒരു നിശ്ചിതശതമാനത്തിൽ കൂടുതൽ നിരക്കുവർധിപ്പിക്കാൻ പാടില്ലെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഇതുപാലിക്കാതെയാണ് ഇപ്പോൾ സ്വകാര്യബസുകൾ കേരളത്തിലേക്ക് സർവീസുനടത്തുന്നത്.