വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല.
എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്.
ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ ചില വസ്തുതകൾ ഇതാ .
തിരുപ്പതി ലഡ്ഡു , തിരുമല ലഡ്ഡു അല്ലെങ്കിൽ ശ്രീവാരി ലഡു എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിൽ വെങ്കിടേശ്വരന് നൈവേദ്യമായി സമർപ്പിക്കുന്നപലഹാരമാണ് ഈ ലഡു . ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ഭക്തർക്ക് ലഡ്ഡു പ്രസാദമായി നൽകും.
ക്ഷേത്ര ബോർഡ് തിരുമല തിരുപ്പതി ദേവസ്ഥാനം പോട്ടു എന്നറിയപ്പെടുന്ന ക്ഷേത്ര അടുക്കളയിലാണ് ലഡ്ഡു പ്രസാദം തയ്യാറാക്കുന്നത്. അത് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് മാത്രമേ നിർമ്മിക്കാനും വിൽക്കാനും കഴിയൂ.
ലഡു പലതരം
നിരവധി റിപ്പോർട്ടുകൾ പ്രകാരം, മഹാവിഷ്ണുവിൻ്റെ പുനർജന്മമായ വെങ്കിടേശ്വരന് തിരുപ്പതി ലഡ്ഡു സമർപ്പിക്കുന്ന രീതി 1715-ലാണ് ആരംഭിച്ചത്. ക്ഷേത്രത്തിലെത്തുന്ന സാധാരണ തീർഥാടകർക്ക് പ്രോക്തം ലഡ്ഡുവാണ് പതിവായി വിതരണം ചെയ്യുന്നത്. വലിപ്പത്തിൽ ചെറുതും 65-75 ഗ്രാമും മാത്രമേ ഇതുണ്ടാവു.ഈ ലഡുവാണ് ഏറ്റവും കൂടുതൽ തയ്യാറാക്കുന്നതും.
പ്രത്യേക ആഘോഷവേളകളിൽ മാത്രമാണ് ആസ്ഥാനം ലഡ്ഡു തയ്യാറാക്കുന്നത്. നല്ല വലുപ്പമുള്ളതും 750 ഗ്രാം ഭാരവുമുണ്ടിതിന്. ഇതിൽ കൂടുതൽ കശുവണ്ടി, ബദാം, കുങ്കുമപ്പൂവ് എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്. ഇനിയുള്ളത് കല്യാണോത്സവം ലഡുവാണ്. കല്യാണോത്സവത്തിലും ചില ആർജിത സേവകളിലും പങ്കെടുക്കുന്ന ഭക്തർക്ക് ഈ ലഡ്ഡു വിതരണം ചെയ്യുന്നു. ഈ ലഡ്ഡുവിന് ആവശ്യക്കാരേറെയാണ്. പ്രോക്തം ലഡുവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറച്ച് എണ്ണത്തിലാണ് ഇവ തയ്യാറാക്കുന്നത് .
ജിഐ ടാഗ്
2008-ൽ, ക്ഷേത്ര ബോർഡും സ്വതന്ത്ര സർക്കാർ സ്ഥാപനവുമായ തിരുമല തിരുപ്പതി ദേവസ്ഥാനം ഭൂമിശാസ്ത്രപരമായ സൂചിക ടാഗിനായി അപേക്ഷിക്കുകയും 2009-ൽ അത് സ്വീകരിക്കുകയും ചെയ്തു. ഇത് പ്രകാരം ലഡു നിർമ്മിക്കാൻ ക്ഷേത്രത്തിനു മാത്രമേ അനുവാദമുള്ളൂ എന്നും മറ്റാർക്കും സാധിക്കുകയില്ലെന്നും ഉറപ്പാക്കുന്നു.
തപാൽ സ്റ്റാമ്പ്
2017 ൽ, ഇന്ത്യാ പോസ്റ്റ് അവരുടെ പാചക പരമ്പരയുടെ ഭാഗമായി തിരുപ്പതി ലഡുവിനെ അനുസ്മരിച്ചു. ബിരിയാണി മറ്റ് വിഭവങ്ങൾ എന്നിവയ്ക്കൊപ്പം തിരുപ്പതി ലഡുവും അങ്ങനെ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ചു.
ലഡ്ഡു പോട്ടു
ക്ഷേത്ര സമുച്ചയത്തിലുള്ള ലഡ്ഡു പോട്ടുവിലാണ് പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നത്. തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്ന അടുക്കളയെ പണ്ട് മുതൽ വിളിക്കുന്നത് ലഡു പോട്ടു എന്നാണ്. ക്ഷേത്രത്തിലെ സമ്പംഗി പ്രദക്ഷിണത്തിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.