ഒറ്റപ്പടം കൊണ്ടുതന്നെ സൗത്ത് ഇന്ത്യ മുഴുവനും ആരാധകരെ സൃഷ്ടിച്ച നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡിയിലെ മികച്ച അഭിനയത്തിന് ശേഷം ബോളിവുഡിലയ്ക്കും ചുവടു വച്ച് മിന്നിത്തിളങ്ങി നിൽക്കുകയാണ് ഈ താരം. ഇപ്പോഴിതാ ധനുഷിന്റെ പുതിയ ചിത്രത്തിൽ നായികയായി വീണ്ടും തമിഴകത്തേക്ക് രംഗപ്രവേശം ചെയ്യുകയാണ് ശാലിനി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യവും വാഗ്ദാനവുമുള്ള അഭിനേതാക്കളിൽ ഒരാളായിട്ടാണ് ശാലിനി പാണ്ഡെ അറിയപ്പെടുന്നത് . തൻ്റെ ആദ്യ ചിത്രമായ ‘അർജുൻ റെഡ്ഡി’ മുതൽ അടുത്തിടെ പുറത്തിറങ്ങിയ ‘മഹാരാജ്’ വരെ, ഒരു മികച്ച അഭിനേത്രി നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തുകൊണ്ട് നടി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം തന്നെയാണ് തൻറെ സോഷ്യൽ മീഡിയ വഴി ധനുഷിന്റെ നാലാമത്തെ സംവിധാന ചിത്രമായ ‘ഇഡ്ലി കടൈ’ യിൽ അഭിനയിക്കുന്നതായി വെളിപ്പെടുത്തിയത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു കഴിഞ്ഞതായും ശാലിനി കുറിച്ചു.
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശാലിനിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവാണ്. ചിത്രത്തിൽ ശാലിനി ആകർഷകമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇത്തവണ ശാലിനി സ്ക്രീനിൽ എന്താണ് കൊണ്ടുവരുന്നതെന്ന് കാണാനുള്ള ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും. അതേസമയം, ‘ഇഡ്ലി കടായി’ കൂടാതെ എക്സൽ എൻ്റർടെയ്ൻമെൻ്റിൻ്റെ ‘ഡബ്ബാ കാർട്ടൽ’, ‘ബാൻഡ്വാലെ’ എന്നിവയിലും ശാലിനി പാണ്ഡെ അഭിനയിക്കും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ധനുഷ് താൻ നാലാമതായി സംവിധാനം ചെയ്യുന്നതും 52-ാമത്തെതുമായ ‘ഇഡ്ലി കടൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ കൺസെപ്റ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ധനുഷ് തന്നെയാണ് നായകൻ. ശാലിനി പാണ്ഡെ ഒഴിച്ച് മറ്റ് അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജിവി പ്രകാശ് കുമാർ ചിത്രത്തിൻ്റെ സംഗീതവും കിരൺ കൗശിക് ഛായാഗ്രഹണവും പ്രസന്ന ജികെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ധനുഷിൻ്റെ വണ്ടർബാർ ഫിലിംസിൻ്റെ ബാനറിൽ ഡോൺ പിക്ചേഴ്സിൻ്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.