ഒരു സിനിമാ ഗാനത്തിന്റെ ആത്മാവ് ആസ്വാദകന്റെ ഹൃദയം തൊടണമെങ്കില് വേണ്ട രുചിക്കൂട്ടെന്തെന്ന് തിരിച്ചറിഞ്ഞ ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം .
വരികളുടെ കാവ്യാത്മകതയും സ്ക്രീനില് വരുന്ന അഭിനേതാവിന്റെ ശബ്ദസാമ്യവും സംഗീതത്തോട് ചേര്ന്ന് നില്ക്കുന്ന ഭാവാത്മകതയുമെല്ലാം ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കാന് ശേഷിയുള്ള ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം.
തെന്നിന്ത്യയിലെ സംഗീതാസ്വാദകരുടെ ഹൃദയത്തില് എത്ര ആഴത്തിലാണ് എസ്പിബി വേരാഴ്ത്തിയിരിക്കുന്നതെന്ന് കൂടിയാണ് അദ്ദേഹം ഒപ്പമില്ലാതെ കടന്ന് പോയ നാല് വര്ഷങ്ങള് അടയാളപ്പെടുത്തുന്നത്.
ദക്ഷിണേന്ത്യന് ഭാഷകള്ക്ക് പുറമെ അസമീസ്, ഒറിയ, പഞ്ചാബി, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി അടക്കം 16 ഭാഷകളില് എസ്പിബിയുടെ ശബ്ദം സംഗീതസാന്ദ്രമായ ഭാവാത്മകയെ ചേര്ത്തുവച്ചു.
40000ത്തില് അധികം ഗാനങ്ങളാണ് ആറ് പതിറ്റാണ്ടിലേറെ നീണ്ട പിന്നണിഗാന യാത്രയില് എസ്പിബി ആലപിച്ചത്. ലോകത്ത് ഏറ്റവും അധികം ഗാനങ്ങള് റെക്കോര്ഡ് ചെയ്ത ഗായകന് എന്ന എസ്പിബിയുടെ ഗിന്നസ് നേട്ടം ഇനിയാരെങ്കിലും മറികടക്കുമെന്ന് തോന്നുന്നില്ല.
ഒരു ദിവസം ഏറ്റവും അധികം ഗാനങ്ങള് റെക്കോര്ഡ് ചെയ്ത ഗായകന് എന്ന വിസ്മയ നേട്ടവും എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പേരിലാണ്
കൊവിഡ് ബാധയെ തുടര്ന്ന് ആരോഗ്യപ്രശ്നങ്ങള് നേരിട്ട എസ്പിബിക്ക് കൊവിഡ് നെഗറ്റീവായതിന് ശേഷവും പഴയജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല.
ആയിരക്കണക്കിന് സംഗീതാസ്വാദകരുടെ കണ്ണ് നനയിച്ച് 2020 സെപ്തംബര് 25ന് എസ്പിബി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളുടെ ശബ്ദസൗകുമാര്യം ബാക്കിയാക്കി ലോകത്തോട് വിടപറഞ്ഞു