ചെന്നൈ: തമിഴ്നാട് മുന്മന്ത്രി സെന്തില് ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല് കേസിലുമാണ് സെന്തില് ബാലജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്കിയത്.
2011 മുതല് 2015 വരെ ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്തികകളില് ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണ് സെന്തില് ബാലാജിക്കെതിരായ കേസ്.
2023 ജൂണ് 13നാണ് സെന്തില് ബാലാജിയെ അറസ്റ്റ് ചെയ്തത്. സ്റ്റാലിൻ മന്ത്രിസഭയില് വൈദ്യുതി മന്ത്രിയായിരുന്നു സെന്തില് തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. നിലവില് പുഴല് സെൻട്രല് ജയിലില് കഴിയുകയാണ് സെന്തില് ബാലാജി.
ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.