471 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി സെന്തിൽബാലാജി; ജയിലിനുപുറത്ത് ലഭിച്ചത് വൻവരവേൽപ്പ്‌

0 0
Read Time:3 Minute, 8 Second

ചെന്നൈ : കള്ളപ്പണക്കേസിൽ 471 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ മുൻ മന്ത്രി സെന്തിൽ ബാലാജിക്ക്‌ ഡി.എം.കെ. പ്രവർത്തകർ ആവേശോജ്ജ്വലമായ വരവേൽപ്പ്‌ നൽകി.

അടിയന്തരാവസ്ഥക്കാലത്തു പോലും രാഷ്ട്രീയ നേതാക്കൾക്ക് ഇത്രയും കാലം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നിട്ടില്ലെന്ന് ബാലാജിയെ സ്വാഗതം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

അഴിമതിക്കേസിൽ കുറ്റം ചുമത്തപ്പെട്ടത് ത്യാഗമാണെന്ന് വരുത്താനാണ് ഡി.എം.കെ. ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കരൂരും കോയമ്പത്തൂരും സേലവും ഡിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാട്ടിൽ ഡി.എം.കെ.യുടെ കരുത്തുറ്റ നേതാവും ബി.ജെ.പി.യുടെ കണ്ണിലെ കരടുമായ സെന്തിൽ ബാലാജിയെ കഴിഞ്ഞവർഷം ജൂൺ 14-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.

അണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കേ നിയമനത്തിന് കോഴ വാങ്ങിയെ കേസിന്റെ തുടർച്ചയായെടുത്ത കള്ളപ്പണക്കേസിൽ അറസ്റ്റിലാവുമ്പോൾ ബാലാജി സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി, എക്സൈസ് മന്ത്രിയായിരുന്നു.

അറസ്റ്റിനെത്തുടർന്ന് എട്ടു മാസം വകുപ്പില്ലാ മന്ത്രിയായി തുടർന്നശേഷമാണ് അദ്ദേഹം മന്ത്രിസഭയിൽനിന്നു രാജിവെച്ചത്. എന്നിട്ടും ജാമ്യം നീണ്ടുപോയി.

സെന്തിൽ ബാലാജിക്കു ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്ച രാവിലെത്തന്നെ വന്നിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി പുഴൽ സെൻട്രൽ ജയിലിൽനിന്ന് അദ്ദേഹം പുറത്തിറങ്ങിയപ്പോൾ രാത്രിയായി.

ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കാർത്തികേയൻ രാവിലെതന്നെ വിഷയം പരിഗണിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പു കിട്ടാനായി ഉച്ചവരെ കാത്തു.

അതിനു ശേഷവും ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച ആശയക്കുഴപ്പം കാരണം മോചനം നീണ്ടു. എന്നാൽ, ഇക്കാര്യത്തിൽ തടസ്സവാദമുന്നയിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ വ്യക്തമാക്കിയതോടെ ബാലാജിയുടെ പാസ്പോർട്ട് കോടതിയിൽ നൽകുകയും മോചന ഉത്തരവ് ഇറങ്ങുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts