പുത്തൻ തീരുമാനങ്ങളുമായി വീണ്ടും ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20,000 അധിക ജീവനക്കാരെ കൂടി നിയമിക്കുമെന്ന് ടാറ്റ ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചു.
ശനിയാഴ്ച്ച റാണിപ്പേട്ടിൽ ടാറ്റ മോട്ടോഴ്സിന്റെ 9,000 കോടി രൂപയുടെ നിർമാണ യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്.
ടാറ്റ മോട്ടോഴ്സിന്റെയും ജെഎൽആറിന്റെയും അത്യാധുനിക നിർമ്മാണ യൂണിറ്റും ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കാനാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, കൃഷ്ണഗിരിയിലെ ഹൊസൂരിൽ ഞങ്ങൾ ഒരു ആധുനിക ഇലക്ട്രോണിക്സ് ഫാക്ടറി സ്ഥാപിച്ചു. നിലവിൽ 20,000 പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, അതിൽ 15,000 ത്തിലധികം സ്ത്രീകളാണ്.
അടുത്ത ഒരു വർഷത്തിനുള്ളിൽ 40,000 പേർക്ക് അവിടെ ജോലി ലഭിക്കും. ചന്ദ്രശേഖരൻ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ 1,50,000 തൊഴിലാളികളുള്ള ടാറ്റ ഗ്രൂപ്പ്, സംസ്ഥാനത്തെ മൂന്ന് പ്രധാന നിർമ്മാണ യൂണിറ്റുകളായ ടാറ്റ പവർ, ടാറ്റ ഇലക്ട്രോണിക്സ്, ടാറ്റ മോട്ടോഴ്സ് എന്നിവയിലൂടെ വലിയ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.
യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി തമിഴ്നാട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ 2,200 കോടി രൂപയും കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.
ടിസിഎസ്, ടൈറ്റൻ, ടാറ്റ കെമിക്കൽസ്, ടാറ്റ പവർ, ഐഎച്ച്സിഎൽ, ദക്ഷിണേന്ത്യയിലെ റീട്ടെയിൽ ബിസിനസുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സംരംഭങ്ങളിൽ ജോലി ചെയ്യുന്ന 1,50,000 നേരിട്ടുള്ള ജീവനക്കാരെ കൂടാതെ തമിഴ്നാട്ടിലെ ലക്ഷക്കണക്കിന് ആളുകൾ ടാറ്റയുടെ ആവാസവ്യവസ്ഥയെ ആശ്രയിക്കുന്നുണ്ടെന്ന് ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.