ചെന്നൈ: തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞമാസം യാത്രചെയ്തവരുടെ എണ്ണത്തിൽ വർധന.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരിൽ അഞ്ചുശതമാനം വർധനയാണുണ്ടായത്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ 17,53,115 പേർ യാത്രചെയ്ത സ്ഥാനത്ത് ഇത്തവണ 18,53,115 ആയി ഉയർന്നു.
തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തൂത്തുക്കുടി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി.
കോയമ്പത്തൂരിലെ യാത്രക്കാരുടെ എണ്ണം 2,53,814-ൽ നിന്ന് 2,70,013 ആയി (6.4 ശതമാനം) ഉയർന്നു.
തിരുച്ചിറപ്പള്ളിയിൽ യാത്രക്കാരുടെ എണ്ണം 1,43,104-ൽ നിന്ന് 1,68,668 ആയും (17.9 ശതമാനം) വർധിച്ചു.
തൂത്തുക്കുടിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 16,526 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇത് 19,237 ആയി വർധിച്ചു. ഇതേസമയം മധുര വിമാനത്താവളത്തിൽമാത്രം യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.
മധുരയിൽ കഴിഞ്ഞവർഷം 1,14,408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് 1,08,944 ആയി കുറയുകയായിരുന്നു.