ചെന്നൈ : മദ്രാസ് ഐ.ഐ.ടി കാംപസിലെ പുള്ളിമാനുകളിൽ ചിലത് ചത്തത് ക്ഷയരോഗം ബാധിച്ചാണെന്ന് സംശയം. മാനുകളുടെ ശരീരാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഗിണ്ടി നാഷണൽ പാർക്കുമായി അതിർത്തി പങ്കിടുന്ന മദ്രാസ് ഐ.ഐ.ടി. കാംപസിൽ ഒട്ടേറെ മാനുകൾ സ്വൈരവിഹാരം നടത്തുന്നുണ്ട്.
അതിൽ ചിലത് കഴിഞ്ഞദിവസം അസുഖംവന്ന് ചത്തിരുന്നു. മരണകാരണം ടി.ബി.യാണെന്നത് നിലവിൽ സംശയം മാത്രമാണെന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ മനീഷ് മീണ അറിയിച്ചു.
ചത്ത മാനുകളുടെ ശരീരഭാഗങ്ങൾ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഫലം ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. സ്ഥിതിഗതികൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഢിയെ ധരിപ്പിച്ചിട്ടുണ്ട്.
ഐ.ഐ.ടി. കാംപസിൽനിന്ന് ഗിണ്ടി നാഷണൽ പാർക്കിലെ മൃഗങ്ങളിലേക്ക് രോഗം പകരുമെന്ന ആശങ്ക വേണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.
രണ്ടിനേയും വേർതിരിച്ചുകൊണ്ട് കോൺക്രീറ്റ് മതിലുണ്ട്. മതിലിന് വിടവൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ക്ഷയരോഗം സ്ഥിരീകരിച്ചാൽ രോഗബാധിതരായ മൃഗങ്ങൾ മറ്റുള്ളവയുമായി ഇടപഴകില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നടപടിയെടുക്കും. മരുന്നുനൽകുന്ന കാര്യം പരിഗണനയിലില്ല.
ഏറ്റവുമൊടുവിൽ നടത്തിയ സർവേ പ്രകാരം മദ്രാസ് ഐ.ഐ.ടി. കാംപസിൽ 250 പുള്ളിമാനുകളാണുണ്ടായിരുന്നത്. വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളും ഇവിടെയുണ്ട്.