ചെന്നൈ : ശിവഗംഗയിൽ 13-കാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി കിണറ്റിൽതള്ളിയ സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. ശിവഗംഗ കാട്ടാണിക്കുളം സ്വദേശി സതീഷ് കുമാറാണ് (32) പിടിയിലായത്.
വ്യാഴാഴ്ച രാവിലെ ശിവഗംഗയ്ക്ക് സമീപം കൽക്കുളം ഗ്രാമത്തിലെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ആരാണെന്നു വ്യക്തമല്ലാത്തതിനാൽ ദുരൂഹമരണത്തിനു കേസെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാണാനില്ലെന്ന് മധുര പോലീസ് സ്റ്റേഷനിൽ പരാതിലഭിച്ചതായി വിവരംലഭിച്ചു.
അടുത്തിടെ മധുര രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയുടെ മകളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി.
ഭാര്യയെ പ്രസവത്തിനായി ഇതേആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സതീഷ് കുമാർ പെൺകുട്ടിയുമായി സൗഹൃദത്തിലായതെന്നും തുടർന്ന് വിജനമായസ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
2014-ൽ തേനി സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ സതീഷ്കുമാറിന് 11 വർഷത്തെ കഠിനതടവ് വിധിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം ജയിൽമോചിതനാവുകയായിരുന്നു.