ചെന്നൈ : ദീപാവലി ആഘോഷിക്കാൻ ആളുകൾ നഗരത്തിൽനിന്ന് സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടപ്പോൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വൻ തിരക്ക്.
കഴിഞ്ഞദിവസംതന്നെ തിരക്ക് വർധിച്ചെങ്കിലും ബുധനാഴ്ച തിരക്ക് ഇരട്ടിച്ചു. സെൻട്രൽ, എഗ്മോർ റെയിൽവേ സ്റ്റേഷനുകൾ, കിളാമ്പാക്കം, കോയമ്പേട് ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് ദൃശ്യമായത്.
തീവണ്ടികളിൽ റിസർവേഷൻ കിട്ടാതെ വന്നതോടെ ജനറൽ കംപാർട്ട്മെന്റുകളിൽ തിക്കുംതിരക്കുമായി.
തുടർച്ചയായി നാല് ദിവസം അവധിയുള്ളതിനാൽ ഇത്തവണ ദീപവലിക്ക് മുൻ വർഷങ്ങളെക്കാൾ തിരക്കേറി. ഇത് മുന്നിൽ കണ്ട് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 14,000 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ 11,000ത്തിലേറെയും ചെന്നൈയിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്കാണ്. ചൊവ്വാഴ്ചമാത്രം ഒന്നര ലക്ഷത്തോളം പേർ പ്രത്യേക സർവീസുകളിലും സ്ഥിരം സർവീസുകളിലുമായി ചെന്നൈയിൽനിന്ന് പുറപ്പെട്ടുവെന്നാണ് സർക്കാർ കണക്കാക്കുന്നത്. ബുധനാഴ്ചത്തേക്ക് രണ്ടര ലക്ഷത്തോളം പേരാണ് ടിക്കറ്റ് റിസർവ് ചെയ്തത്.
ആളുകൾ കൂട്ടമായെത്തിയതോടെ ബസ് സ്റ്റാൻഡുകളിൽ കാലുകുത്താൻ സ്ഥലമില്ലാത്ത സ്ഥിതിയായി. ഇന്റർനെറ്റ് കണക്ടിവിറ്റിയും നഷ്ടമായതിനാൽ ഓൺലൈൻ ടിക്കറ്റുകൾ കാണിച്ചു ബസുകളിൽ കയറാൻ സാധിക്കാതെ ഒട്ടേറെ പേർ ബുദ്ധിമുട്ടി. ഇത് ബസ് ജീവനക്കാരുമായുള്ള തർക്കത്തിന് കാരണമായി.
തീവണ്ടികളിലെ ടിക്കറ്റ് റിസർവേഷൻ വളരെ മുൻപുതന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റും വേഗത്തിൽ തീർന്നതോടെ ജനറൽ കംപാർട്ട്മെന്റിൽ എങ്ങനെയും കയറിപ്പറ്റാനുള്ള ശ്രമത്തിലായി പലരും. എഗ്മോർ സ്റ്റേഷനിലാണ് ഇതിനായി അധികംപേരും കാത്തുനിന്നത്.