ബെംഗളൂരു: ഹാസനിലെ ജില്ലാ ജയിലിൽ നടത്തിയ റെയ്ഡിൽ 18 മൊബൈൽ ഫോണുകളും 20 ഗ്രാം കഞ്ചാവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഹാസൻ അഡീഷണൽ എസ്പി കെ എസ് തമ്മയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രിയാണ് ജില്ലാ ജയിലിൽ റെയിഡ് നടത്തിയത്.
60 ഓളം പോലീസുകാർ റെയ്ഡിൽ പങ്കെടുത്തതായി ഹാസൻ എസ്പി ഹരിറാം ശങ്കർ ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 11 കീപാഡ് ഫോണുകൾ, ഏഴ് സ്മാർട്ട് ഫോണുകൾ, 20 ഗ്രാം കഞ്ചാവ്, സിഗരറ്റ് പാക്കറ്റുകൾ എന്നിവ തടവുകാരിൽ നിന്ന് പിടിച്ചെടുത്തു.
വസ്തുക്കളും പിടികൂടിയതിന് പിന്നാലെ 18 തടവുകാർക്കെതിരെ പൊലീസ് കേസെടുത്തു. സ്മാർട്ട്ഫോണുകൾ കൈവശം വച്ചിരുന്ന അന്തേവാസികൾ അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോകൾ അപ്ലോഡ് ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയം.
പി കെ മുരളീധർ, ഡിവൈഎസ്പി എന്നിവരും റെയ്ഡിൽ പങ്കെടുത്തിരുന്നു. എസ്പി, രേവണ്ണ, ഹാസൻ ടൗൺ പൊലീസ് ഇൻസ്പെക്ടർമാരായ പ്രമോദ്, പൊലീസ് ഇൻസ്പെക്ടർ, എംഎൻ കുമാർ, ഹാസൻ ടൗൺ പിഎസ്ഐ തുടങ്ങിയവർ സംബന്ധിച്ചു.