ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ കവടിഗരെഹട്ടി ആശ്രയ ലേഔട്ടിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് 13 പേർ ചികിത്സയിൽ.
വെള്ളിയാഴ്ച വൈകിട്ടാണ് പൊതുപൈപ്പുകളിൽനിന്ന് കുടിവെള്ളം ശേഖരിച്ച 13 പേർക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്.
തുടർന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടേയും നിലഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
പൊട്ടിയ പൈപ്പുകൾക്കുള്ളിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നെന്നാണ് പ്രാഥമിക നിഗമനം.
വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഗ്രാമത്തിലേക്ക് ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കി.
ജില്ലാ ആരോഗ്യ ഓഫീസർ ഡോ. ആർ. രംഗനാഥിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക ചികിത്സാക്യാമ്പും ആരംഭിച്ചു.
മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ചിത്രദുർഗ ജില്ലയുടെ പലഭാഗങ്ങളിലും നേരത്തേയും ആളുകൾ ചികിത്സതേടിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാർ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിരുന്നു.