ബെംഗളൂരു: ചത്ത കംഗാരു കുഞ്ഞ് ഉൾപ്പെടെ 234 വന്യമൃഗങ്ങളെ ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ ആളെ നഗരത്തിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വന്യമൃഗങ്ങളെ കടത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് യാത്രക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.
ട്രോളി ബാഗിൽ കടത്തിയ 234 വന്യമൃഗങ്ങളിൽ ഒരു കംഗാരു കുഞ്ഞിനെ ചത്ത നിലയിലാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് പെട്ടിയിൽ ഒളിപ്പിച്ച അപൂർവ ഇനം കംഗാരു കുഞ്ഞ് ശ്വാസം മുട്ടി ചത്തതാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ മറ്റ് വന്യമൃഗങ്ങളിൽ പെരുമ്പാമ്പ്, ചാമിലിയൻ, ഇഗ്വാന, ആമ, ചീങ്കണ്ണി എന്നിവ ഉൾപ്പെടുന്നു.
“രാത്രി 10:30 ന് ബാങ്കോക്കിൽ നിന്ന് ഫ്ലൈറ്റ് നമ്പർ FD – 137-ൽ എത്തിയ യാത്രക്കാക്കാരനെ ബെംഗളൂരു കസ്റ്റംസ് വന്യമൃഗങ്ങളെ കടത്തിയതിന് കേസെടുത്തു. ഗ്രീൻ ചാനൽ കടന്ന് ഇന്റർനാഷണൽ അറൈവൽ ഏരിയയുടെ എക്സിറ്റ് ഗേറ്റിലേക്ക് അടുത്തപ്പോളാണ് യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ യാത്രക്കാരൻ തന്റെ ട്രോളി ബാഗിൽ വന്യമൃഗങ്ങളെ ഒളിപ്പിച്ച് കൊണ്ടുപോകുന്നതായി കണ്ടെത്തിയതെന്ന് ബെംഗളൂരു കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ 32കാരനാണ് പ്രതി. ഓഗസ്റ്റ് 21 ന് ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്യജീവികളെ കടത്തുമ്പോഴാണ് സംഭവം .
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും (CITES) അന്തർദേശീയ വ്യാപാര കൺവെൻഷന്റെ അനുബന്ധങ്ങളിൽ ചില കള്ളക്കടത്ത് മൃഗങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്ക് എതിരെ 1962ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 104 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും 1962ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 110 പ്രകാരം രക്ഷപ്പെടുത്തിയ വന്യമൃഗങ്ങളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.