ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി.
വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
”ബി.ജെ.പിക്കാർ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്‌നം ഒരിക്കലും യാഥാർത്ഥ്യമാകില്ല.
എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.
അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചാരണങ്ങളുടേയും ധർമ്മത്തെ ഞങ്ങൾ രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരന്മാർക്കൊപ്പം ചേർന്ന് തകർക്കും.പ്രിയങ്ക എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമിത് മാളവ്യ രാഹുലും പ്രിയങ്കയും തർക്കത്തിലാണെന്ന തരത്തിൽ തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.