ബെംഗളൂരു: മൈസൂരിലെ എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ പ്രദേശത്തെ ആൺകുട്ടിയെ കടുവ കടിച്ചുകൊന്നു.
കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ എട്ടു വയസുകാരൻ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം.
കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ചരൺ കായികമേളയായതിനാൽ സ്കൂളിൽ പോയിരുന്നില്ല.
മാതാപിതാക്കൾ മുളകുപറിക്കുന്നതിനിടെ ചരണിനു നേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്.
കുട്ടിയുടെ കരച്ചിൽകെട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
വന്യജീവികളിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കില്ലെന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധിച്ചു.
എച്ച്.ഡി.കോട്ടെ എം.എൽ.എ. അനിൽ ചിക്കമാടിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.