ന്യൂഡല്‍ഹി: കാറിന്റെ ഫാസ്ടാഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന പുതിയ പണമിടപാട് സംവിധാനം അവതരിപ്പിച്ച് പ്രമുഖ കമ്പനിയായ ടോൺ ടാഗ്.
പേയ്‌മെന്റ് പ്രോസസിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ മാസ്റ്റർ കാർഡിന്റെയും ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ടോണ്‍ ടാഗ്.
പേ ബൈ കാര്‍ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
സാധാരണയായി പെട്രോള്‍ പമ്പില്‍ പോയി വാഹനത്തിന് ഇന്ധനം നിറയ്ക്കാന്‍ ഫോണിലെ യുപിഐ സംവിധാനമോ, പണമോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്.
ഇതില്‍ നിന്ന് വ്യത്യസ്തമായ പുതിയ പണമിടപാട് സംവിധാനമാണ് പേ ബൈ കാറില്‍ ഒരുക്കിയിരിക്കുന്നത്.
യുപിഐ ഐഡിയെ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചര്‍.
കൂടാതെ വാഹനത്തില്‍ ഫാസ്ടാഗ് ഘടിപ്പിച്ചിരിക്കണം. നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡോ, ഫോണോ ഇല്ലാതെ തന്നെ പെട്രോള്‍ പമ്പില്‍ ഇടപാട് നടത്താന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
പെട്രോള്‍ പമ്പില്‍ എത്തുമ്പോള്‍ തന്നെ ഫ്യുവല്‍ ഡിസ്‌പെന്‍സര്‍ നമ്പര്‍ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ തെളിഞ്ഞ് വരും.
സൗണ്ട് ബോക്‌സ് ഇന്റര്‍ഫെയ്‌സിന്റെ സഹായത്തോടെ ഇന്ധനം നിറച്ചതിന് നല്‍കേണ്ട തുക രേഖപ്പെടുത്തുക.
ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഫാസ് ടാഗ് റീച്ചാര്‍ജിനും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
റീച്ചാര്‍ജ് പൂര്‍ത്തിയായാല്‍ അപ്‌ഡേറ്റഡ് ബാലന്‍സ് കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.