ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കാനും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കുന്നത് പല വഴികൾ.
ഇത്തവണ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.
അതിനിടയിൽ അവർ നൽകിയ ചുവന്ന യൂണിഫോം ഷർട്ടും ബാഡ്ജും ധരിച്ച് അൽപനേരം ഒരു സ്യൂട്ട്കേസ് തലയിൽ ചുമന്ന് അവർക്കൊപ്പം അവരിലൊരാളായി നടക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പ് സാധാരണജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.
ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. രാഹുല്‍ പോര്‍ട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുല്‍ നേരത്തെയും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയിരുന്നു.
അതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ബംഗളൂരുവിൽ ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറിന്റെ പിൻസീറ്റിൽ കയറി യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.
സ്‌കൂട്ടറില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ എത്തിയത്. തുടർന്ന് ഡെലിവറി ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കൊപ്പം രാഹുല്‍ ലഘുഭക്ഷണം കഴിക്കുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ എപ്പോഴത്തെയും പോലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർന്ന് നഗരത്തിലെ എയർലൈൻസ് ഹോട്ടലിൽ വെച്ച് രാഹുൽ ഗാന്ധി തൊഴിലാളികളോടെയും ഡൺസോ, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികളുടെ ഡെലിവറി തൊഴിലാളികളുമായി മിനിമം വേതനത്തെ പറ്റിയും, അവർ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകൾ പറ്റിയും ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളെ പറ്റിയുമെല്ലാം കേന്ദ്രീകരിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെടും ചെയ്തിരുന്നു.
എന്നാൽ ഇത്തവണത്തെ റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാഹുൽ ഗാന്ധിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്തുചെയ്തും വോട്ട് നേടാനുള്ള ശ്രമമാണെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ രാഹുലിൽ വ്യത്യസ്‌തമായ എന്തോ ഉണ്ടെന്നാണ് മറ്റ് ചിലരുടെ കമെന്റുകൾ.