ബെംഗളൂരു : കോലാറിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു.
മാലൂർ ഉലരഗെരെ സ്വദേശി ശ്രീനിവാസാണ് (32) ജീവനൊടുക്കിയത്.
സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.
ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യയാണ് ചൂലുകൊണ്ട് അടിച്ചതെന്ന് കോലാർ എസ്.പി. എം. നാരായൺ പറഞ്ഞു.
സംഭവത്തിൽ നാലാളുടെ പേരിൽ മാലൂർ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-വർഗ അതിക്രമത്തിനും കേസെടുത്തു.
അശോകിന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശം പരാമർശം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും ചെയ്തു.
തന്നെക്കുറിച്ച് മോശം പറഞ്ഞത് ശ്രീനിവാസാണെന്ന് അറിഞ്ഞ യുവതി ശ്രീനിവാസിന്റെ വീട്ടിലെത്തി ചൂലുകൊണ്ട് അടിക്കുകയായിരുന്നു.
അയൽക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ശ്രീനിവാസ് ആത്മഹത്യ ചെയ്യുകയായിരുന്നു.