പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം.
ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം.
സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു.
പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു.
മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു.
പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും കൂട്ടാളികളും ചേർന്ന് യുവതിയെ മർദിക്കുകയും വസ്ത്രമുരിഞ്ഞ് നഗ്നയാക്കുകയുമായിരുന്നു.
രാത്രി വീടിനു പുറത്ത് നിന്ന് വെള്ളമെടുക്കുന്നതിനിടെ പ്രമോദും മകൻ അൻഷുവും മറ്റു നാലുപേരും ചേർന്ന് അവർക്കൊപ്പം വരാൻ നിർബന്ധിച്ചതായും സ്ത്രീയുടെ പരാതിയിലുണ്ട്.
ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് വടികൊണ്ട് മർദിക്കുകയും വസ്ത്രമുരിഞ്ഞ് നഗ്നയാക്കുകയും ചെയ്തു.
തുടർന്ന് പ്രമോദ്, മകൻ അൻഷുവിനോട് തന്റെ വായിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു.
സംഭവസ്ഥലത്തു നിന്ന് കഷ്ടപ്പെട്ടാണ് സ്ത്രീ രക്ഷപ്പെട്ടത്.
അർധരാത്രിയിൽ ഇവർ നഗ്നയായി വീട്ടിലേക്ക് ഓടി വരുന്നതായി കണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.