ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ‘കന്നഡ ഒക്കൂട്ട’ ഇന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. 1900-ലധികം സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒല, ഊബർ ഡ്രൈവേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബെംഗളൂരുവിലെ ഓഫീസ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
അതിനിടെ, സംസ്ഥാനത്ത് ആരെങ്കിലും ബലമായി ബന്ദ് നടപ്പാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഡോ ജി പരമേശ്വര പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകി.
പ്രതിഷേധങ്ങളിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല, പക്ഷേ ബന്ദിന് അനുമതിയില്ല. ആർക്കും ബന്ദിന് ഉത്തരവിടരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ആരെങ്കിലും സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ബെംഗളൂരു ബന്ദിൽ 1500-2000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അടച്ചുപൂട്ടിയാൽ കൂടുതൽ നഷ്ടം നേരിടേണ്ടിവരുമെന്നും പരമേശ്വര പറഞ്ഞു.
20 ദിവസത്തിനുള്ളിൽ ബെംഗളൂരുവിൽ നടക്കുന്ന മൂന്നാമത്തെ ബന്ദാണിത്. സെപ്തംബർ 11 നാണ് സ്വകാര്യ ട്രാൻസ്പോർട്ട് യൂണിയനുകൾ ആദ്യ ബന്ദ് ആചരിച്ചത് .
സെപ്തംബർ 26 ന് കാവേരി നദീജല വിഷയത്തിൽ കർഷക സംഘടനകളുടെ ഒരു വിഭാഗം ബന്ദ് നടത്തി.
ഇപ്പോഴിതാ, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് തടയാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ‘കന്നഡ ഒക്കൂട്ട’ സെപ്റ്റംബർ 29 ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.