ബെംഗളൂരു :ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രീൻ ലൈൻ മെട്രോ സർവീസ് തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ യശ്വന്ത് പുര മെട്രോ സ്റ്റേഷനിൽ കുടുങ്ങി.
നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ
രാവിലെ ഓഫീസ് – സ്കൂൾ തിരക്കുകൾ കൂടുതൽ ഉള്ള സമയത്ത് സാൻഡൽ സോപ്പ് ഫാക്ടറിക്കും ഗൊരെഗുണ്ടെ പാളയ മെട്രോ സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം ഒരു ലൈൻ മാത്രമായി ചുരുങ്ങുകയായിരുന്നു, അതോടെ മജസ്റ്റിക്കിൽ നിന്നും നാഗ സാന്ദ്ര ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിനുകൾ യെശ്വന്ത് പുര മെട്രോ സ്‌റ്റേഷനിൽ നിർത്താതെയായി, ഈ വിവരം ലോക്കോ പൈലറ്റ് ട്രെയിനിനുള്ളിൽ അറിയിച്ചു കൊണ്ടിരുന്നു.
അതേ സമയം ഓരോ മെട്രോ ട്രെയിനുകളും അര മണിക്കൂറോളം ഇടവിട്ടാണ് സർവീസ് നടത്തിയിരുന്നത്, ജാലഹള്ളി അടക്കം നിരവധി മെട്രോ സ്റ്റേഷനുകൾ മുന്നറിയിപ്പ് ഇല്ലാതെ അടച്ചു.
ബി.എം.ആർ.സി.എല്ലിൻ്റെ ട്വിറ്റർ ഹാൻഡിലിൽ വന്ന സന്ദേശത്തിലെ പ്രയോഗത്തിൽ നിന്നും ഏത് സ്റ്റേഷനുകളിൽ ആണ് തടസം നേരിട്ടത് എന്നറിയാതെ യാത്രക്കാർ കുഴങ്ങി.
വൈകുന്നേരം 4 മണിയോടെ സർവീസുകൾ സാധാരണ നിലയിലായി.
പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരുന്ന റോഡ് കം റെയിൽ വെഹിക്കിൾ രാജാജി നഗറിന് സമീപം വച്ച് തകരാറിലായതിനാലാണ് ഗ്രീൻ ലൈനിൽ 10 മണിക്കൂറോളം ഗതാഗത തടസം നേരിട്ടത്.