ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾ നികത്താനുള്ള സമയപരിധി നവംബർ 30 ആയി നിശ്ചയിച്ചതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
ട്രാഫിക് പോലീസിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനും കുഴികൾ തിരിച്ചറിയാനും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങൾക്കും റോഡുകളിലെ കുഴികളെ കുറിച്ച് പാലികെ കമ്മീഷണറെ അറിയിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ പദ്ധതികളുടെ ഗുണനിലവാരവും അഴിമതിയും സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിനെത്തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതികളുടെ പ്രവർത്തനങ്ങൾ ഇപ്പോൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 5,000 കോടി രൂപയുടെ 352 പദ്ധതികളുടെ പ്രവൃത്തികൾ പുനരാരംഭിക്കും. അന്വേഷണം സമാന്തരമായി തുടരുമെന്നും ശിവകുമാർ പറഞ്ഞു.
മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, 350 കിലോമീറ്റർ ടെൻഡർഷുർ റോഡുകളിൽ ഓവർഹെഡ് കേബിളുകൾ നിരോധിക്കും.