ബെംഗളൂരു : വിളിപ്പേര് ടെക്ക് നഗരം എന്നാണ് .പക്ഷെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബെംഗളൂരുവിൽ സൈബര്‍ തട്ടിപ്പുകാര്‍ നഗരവാസികളില്‍ നിന്ന് തട്ടിയെടുത്തത് 470 കോടി രൂപയാണ്.
ദിവസേനെ 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബര്‍ കുറ്റവാളികള്‍ നഗരത്തിൽ നിന്നും തട്ടിയെടുക്കുന്നത്.
പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തില്‍പെടും.
സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകൾ നടന്നിട്ടുള്ളത്.
2023 ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 20വരെ 12,615 കേസുകളാണ് നഗരത്തില്‍ മാത്രം ഉണ്ടായതെന്ന് സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ പറയുന്നു.
ഇത്രയും സംഭവങ്ങളില്‍ 28.4 കോടി രൂപ പൊലീസിന് കണ്ടെടുക്കാനായി. 27.6 കോടി രൂപ പരാതിക്കാര്‍ക്ക് തിരിച്ചുനല്‍കാനുമായി.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ആകെ നഷ്ടപ്പെട്ടതില്‍ 201 കോടി രൂപ മരവിപ്പിക്കാനും പോലീസിനായി.
ഇതിലൂടെ ഈ പണം കുറ്റവാളികള്‍ കൈമാറ്റം ചെയ്യുന്നത് തടയാനായി. ഏറ്റവും കൂടുതല്‍ പേര് കബളിപ്പിക്കപ്പെടുന്നത് ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പിലാണ്.
ഇത്തരത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത് 204 കോടി രൂപയാണ്. വീട്ടില്‍ ഇരുന്നുതന്നെ ജോലി ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തൊഴില്‍ തട്ടിപ്പുകാര്‍ ഇരകളെ സമീപിക്കുന്നത്.
പിന്നീട് ജോലികള്‍ ചെയ്യിക്കും. ഇതിന്റെ പ്രതിഫലം ബാങ്കിലൂടെ കൈമാറ്റം ചെയ്യാനായി നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യും. ജോലി കിട്ടാനായി ഫീസ് എന്ന നിലയില്‍ വൻതുക വാങ്ങി കബളിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.
ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ കൂടി വരുകയാണെന്നും ബംഗളൂരുവും വ്യത്യസ്തമല്ലെന്നും സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു. പൊലീസ് നിരന്തരം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.