ബെംഗളൂരു: നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച നടത്തി സ്വർണാഭരണങ്ങളുമായി രക്ഷപ്പെട്ട ആയുധധാരികളായ നാലുപേരിൽ ഒരാളെ ബ്യാദരഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം നടക്കുന്നതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജ്വല്ലറി ഉടമസ്ഥന് നേരെ വെടിവെച്ചയാൾ ഇപ്പോഴും ഒളിവിലാണ്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് നാല് പേർ രണ്ട് മോട്ടോർ സൈക്കിളുകളിലായി ഉപഭോക്താക്കളെന്ന വ്യാജേന ബ്യാദരഹള്ളിയിലെ വിനായക ജ്വല്ലറിയിൽ എത്തിയത്.
ഇവർ കടയുടമയായ മനോജ് ലോഹറിനെ (30) തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
മോഷ്ടിച്ച വസ്തുക്കളുമായി അവർ ഓടിപ്പോകുന്നതിനുമുമ്പ്, കുറ്റവാളികളിലൊരാൾ തോക്കുപയോഗിച്ച് ലോഹറിന്റെ ഇടതു തുടയിൽ വെടി വെച്ചിരുന്നു. ലോഹർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.
ആദ്യം, ഒരു കിലോ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായാണ് പോലീസ് പറഞ്ഞത്. എന്നാൽ വെള്ളിയാഴ്ച തുക അരക്കിലോ സ്വർണമായി തിരുത്തി, അതിൽ ഒരു ഭാഗം അറസ്റ്റിലായ ആളുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തി.
പ്രതികൾ രക്ഷപ്പെടുന്നതിനിടയിൽ, രണ്ട് മോട്ടോർ സൈക്കിളുകളിൽ ഒരെണ്ണം അവർ സ്ഥലത്തു തന്നെ ഉപേക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതികളിൽ ഒരാൾ അറസ്റ്റിലായിരിക്കുന്നത്.