ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു.
മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്.
മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്.
ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ പത്തംഗ സംഘം കാറിൽ ശിരഹട്ടിയിലെ പക്കരേശ്വര മഠത്തിലേക്ക് പോകുകയായിരുന്നു.
കാർ നോർത്ത് വെസ്റ്റ് കർണാടക കെ.ആർ.ടി.സി. ബസുമായി നേർക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് നിസ്സാരപരിക്കേറ്റു.
നരേഗൽ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കാറിന്റെ ഒരു ചക്രം പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.