ബെംഗളൂരു : തീവണ്ടിക്ക് മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കിയത് വായ്പാ ആപ്പുകളുടെ കെണിയിൽ കുടുങ്ങിയതിനെത്തുടർന്നെന്ന് ബന്ധുക്കൾ.
ഹൊസൂർ റോഡ് നാഗനാദപുര സ്വദേശിയായ ഡി. ഗൗതമിന്റെ മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം.
ഏതാനുംദിവസങ്ങൾക്ക് മുമ്പ് വായ്പാ ആപ്പ് ജീവനക്കാരുടേതെന്ന് കരുതുന്ന നമ്പറുകളിൽ നിന്ന് ഗൗതമിന്റെ മോർഫുചെയ്ത ചിത്രങ്ങൾ ഇയാളുടെ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു.
ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കൂടുതൽ പേർക്ക് ഇത്തരംചിത്രങ്ങൾ അയയ്ക്കുമെന്ന് ഭയപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
അഞ്ചുലക്ഷത്തോളം രൂപ വിവിധ ആപ്പുകളിൽ നിന്നായി ഗൗതം വായ്പയെടുത്തിരുന്നതായാണ് വിവരം.
ഓൺലൈൻ റമ്മി കളിക്കാനാണ് ഈ തുക ഉപയോഗിച്ചിരുന്നത്. റമ്മിയിൽ വൻതുക നഷ്ടംവന്നതോടെ വായ്പ ആപ്പുകളിൽ നിന്നെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനുപുറമേ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽനിന്നും വാങ്ങിയ കടവുമുണ്ടായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും മോർഫ് ചെയ്ത് ചിത്രങ്ങൾപ്രചരിപ്പിച്ച നമ്പറുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സിൽക്ക് ബോർഡ് ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച രാവിലെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.
വിവാഹങ്ങൾക്ക് അലങ്കാരമൊരുക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഗൗതം.