ചെന്നൈ : മൂന്ന് ദിവസം അടച്ചിട്ടവീടിനുള്ളിൽ മകളുടെ മൃതദേഹവുമായി അമ്മ കഴിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മണലി പുതുനഗറിലുള്ള 84 കാരിയായ ജാസ്മിനാണ് മകൾ ഷീലയുടെ (54) ജീർണിച്ച മൃതദേഹത്തിനൊപ്പം കഴിഞ്ഞത്.
ഭർത്താവ് മരിച്ചതിനെ ത്തുടർന്ന് വർഷങ്ങളായി ജാസ്മിനും അവിവാഹിതയായ ഷീലയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരെയും വീടിന് പുറത്തേക്ക് കാണാതെ വന്നതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി പൂട്ടുകുത്തിത്തുറന്ന് അകത്ത് കടന്നു നോക്കിയപ്പോഴാണ് മുറിയിൽ ഷീലയെ മരിച്ചനിലയിലും സമീപത്ത് ജാസ്മിനെയും കണ്ടത്.
ജാസ്മിൻ മാനസിക പ്രശ്നം നേരിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഷീലയുടെ മരണം സംബന്ധിച്ച് വ്യക്തയില്ല.
ഷീലയുടെ മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.
ഭർത്താവിന്റെ പേരിൽ ലഭിച്ചിരുന്ന കുടുംബ പെൻഷൻ കൊണ്ടായിരുന്നു ജാസ്മിനും മകളും കഴിഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു.