ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും.
ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്.
നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്.
160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല.
രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള അതിവേഗ ട്രെയിനെന്ന നിലയിലാണ് ‘നമോ ഭാരത്’ പുറത്തിറക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഷാഹിബാബാദിനെയും ദുഹായ് ഡിപോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍.
ഒരു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് മീററ്റിലെത്താന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2025 ഓടെ ഇടനാഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.