ബെംഗളൂരു: ഇന്റർചേഞ്ച് സ്റ്റേഷൻ വരുന്നത് സംബന്ധിച്ച ആശയകുഴപ്പത്തെ തുടർന്ന് നമ്മ മെട്രോ കെ ആർ പുരം റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പാത നിർമാണം പാതിവഴിയിൽ മുടങ്ങി.
നിർദിഷ്ട കെ.ആർ പുരം – വിമാനത്താവള പാതയും കൂടി വരുന്ന ഭാഗത്താണ് നടപ്പാലത്തിന്റെ നിർമാണം ആരംഭിക്കുന്നത്.
ഇവിടെ സ്റ്റേഷൻ ടെർമിനലിനോട് ചേർന്നാണ് പാലത്തിന്റെ പ്രവേശന കവാടം സ്ഥാപിച്ചിട്ടുള്ളത്.
ചല്ലഘട്ടെ – വൈറ്റ് ഫീൽഡ് പർപ്പിൾ ലൈൻ പൂർണ തോതിൽ പ്രവർത്തനക്ഷമമായതോടെ കെ ആർ പുരം സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ എണ്ണവും വർധിച്ചു.
കെ.ആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ ഓൾഡ് മദ്രാസ് റോഡും വൈറ്റ് ഫീൽഡ് മെയിൻ റോഡും സംഗമിക്കുന്ന തിരക്കേറിയ ജംഗ്‌ഷൻ മുറിച്ചുകടക്കണം.
പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം ട്രാഫിക് പോലീസും ബി എം ആർസിക്ക് നിർദേശം നൽകി.