വിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് ആഘോഷമാക്കി അച്ഛൻ 

0 0
Read Time:3 Minute, 30 Second

റാഞ്ചി: കല്യാണം ആഘോഷമാക്കുന്നത് ഇന്ന് ഒരു പതിവാണ്. എന്നാല്‍ മകളുടെ വിവാഹമോചനം ആഘോഷമാക്കി എന്ന് കേള്‍ക്കുമ്പോൾ ഞെട്ടില്ലേ?

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്.

ഝാര്‍ഖണ്ഡിലാണ് സംഭവം. വിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നതാണ് അച്ഛന്‍ ആഘോഷമാക്കിയത്.

മകള്‍ സാക്ഷിയുടെ മടങ്ങി വരവ് അച്ഛന്‍ പ്രേം ഗുപ്തയാണ് ഘോഷയാത്ര അടക്കം സംഘടിപ്പിച്ച് ആഘോഷമാക്കിയത്.

ഡ്രംസ് കൊട്ടിയും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷപരിപാടികള്‍. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് മകള്‍ വിവാഹ മോചനം തേടിയതെന്ന് അച്ഛന്‍ പറയുന്നു.

പെണ്‍മക്കള്‍ വിലപ്പെട്ടതാണ്. അതുകൊണ്ട് മകളുടെ മടങ്ങി വരവ് ആഘോഷമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രേം ഗുപ്ത പറയുന്നു.

2022 ഏപ്രില്‍ മാസമായിരുന്നു സാക്ഷിയുടെ വിവാഹം. ഝാര്‍ഖണ്ഡ് വൈദ്യുതി വിതരണ കമ്പനിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ സച്ചിന്‍ കുമാറായിരുന്നു വരന്‍.

വിവാഹത്തിന് പിന്നാലെ മകളെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ഉപദ്രവിക്കാന്‍ തുടങ്ങിയതായി സാക്ഷിയുടെ കുടുംബം ആരോപിക്കുന്നു.

മകളെ നിരവധി തവണയാണ് ഭര്‍തൃവീട്ടുകാര്‍ അസഭ്യം പറഞ്ഞത്. ഭര്‍തൃവീട്ടില്‍ നിന്ന് സാക്ഷിയെ ഇറക്കിവിടുന്ന സാഹചര്യം വരെ ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് മുന്‍പ് രണ്ടു തവണ കല്യാണം കഴിച്ചതായി കണ്ടെത്തി.

ഇക്കാര്യം മറച്ചുവെച്ചാണ് ഭര്‍ത്താവ് തന്നെ വിവാഹം ചെയ്തത്. തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം കൂടിയായപ്പോള്‍ വിവാഹമോചനം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇനി ഭര്‍ത്താവുമായി ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മനസിലായതോടെയാണ് മകള്‍ വിവാഹ മോചനം തേടിയതെന്നും കുടുംബം പറയുന്നു.

‘മകളെ നല്ലനിലയില്‍ കല്യാണം കഴിച്ച് വിടുകയും, എന്നാല്‍ ഭര്‍ത്താവും കുടുംബവും തെറ്റ് ചെയ്യുകയാണെങ്കില്‍ മകളെ ബഹുമാനത്തോടെ തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം.

കാരണം പെണ്‍മക്കള്‍ വളരെ വിലപ്പെട്ടതാണ്’- പ്രേം ഗുപ്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മകളുടെ വീട്ടിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രേം ഗുപ്തയുടെ കുറിപ്പ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts