ബെംഗളൂരു: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ബെംഗളൂരു സിറ്റി സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ താപനില.
17.1 ഡിഗ്രി സെൽഷ്യസ് ആണ് അന്ന് റിപ്പോർട് ചെയ്തത് ഇത് കഴിഞ്ഞ 10 വർഷത്തിനിടയിലെ നഗരത്തിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. 2014 ഒക്ടോബർ 31 നാണ് താപനില 17.5 ഡിഗ്രിയായി കുറഞ്ഞത്.
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 17.2 ഡിഗ്രിയും എച്ച്എഎൽ എയർപോർട്ട് സ്റ്റേഷനിൽ 17 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
ഐഎംഡി ബെംഗളൂരുവിലെ ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, രാത്രിയിൽ ഭൂമിയിൽ നിന്ന് ചൂട് പ്രസരിക്കുന്ന “റേഡിയേഷൻ കൂളിംഗ്” എന്ന പ്രതിഭാസമാണ് താപനിലയിലെ ഇടിവിന് കാരണം.
“മഴയുടെ അഭാവത്തിൽ, മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം രാത്രിയിൽ താപനില കുറയുന്നതിന് കാരണമാകുന്നു, ഇത് റേഡിയേഷൻ കൂളിംഗ് എന്നറിയപ്പെടുന്നു. എന്നിരുന്നാലും, മേഘാവൃതമായിരിക്കുമ്പോൾ, താപനില കുറയുന്നില്ല. കഴിഞ്ഞ വർഷം ഇതേസമയത്ത് മഴ ലഭിച്ചതിനാൽ താപനില ഇതുപോലെ കുറഞ്ഞില്ല,” ഐഎംഡി ബെംഗളൂരുവിലെ ശാസ്ത്രജ്ഞൻ എ.പ്രസാദ് പറഞ്ഞു.
ബെംഗളൂരുവിൽ ചൊവ്വാഴ്ചത്തെ കൂടിയ താപനില 31.6 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ പ്രഭാതസമയത്ത് ചിലയിടങ്ങളിൽ മൂടൽമഞ്ഞ് ഭാഗികമായി മേഘാവൃതമായ ആകാശത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.