കൊല്ലം: സീബ്രാലൈനിലൂടെ റോഡ് കുറുകെ മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ചു യുവതി മരിച്ചു.
ജോലിക്കായുള്ള അഭിമുഖത്തിനെത്തിയതായിരുന്നു യുവതി. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ സി ആന്റണി – മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണി (25) ആണ് മരിച്ചത്.
അലക്ഷ്യമായും അമിത വേഗത്തിലും കാർ ഓടിച്ച് അപകടത്തിന് ഇടയാക്കിയ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്ത് വീട്ടിൽ ജയകുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
കാർ കസ്റ്റഡിയിലെടുത്തു.
കാരുവേലിലെ കോളേജിൽ ജോലിക്കായുള്ള ഇന്റർവ്യൂവിന് പോകാൻ ബസിൽ എത്തിയതായിരുന്നു.
പുത്തൂർ വഴി പോകുന്നതിനു പുത്തൂർ മുക്കിൽ ഇറങ്ങുന്നതിനു പകരം കുളക്കടയിൽ ഇറങ്ങുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയ അൻസു ബസ് പിടിക്കുന്നതിന് സീബ്രാലൈനിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് നടക്കുമ്പോഴാണ് അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്.
ഈ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി എത്തിയതാണ് അപകട കാരണം.
സീബ്രാലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് അൻസുവിനെ ഇടിച്ചു വീഴ്ത്തിയത്. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.