ബെംഗളൂരു: നെലമംഗല നിയോജക മണ്ഡലം മുൻ എം.എൽ.എ ഡോ.കെ.ശ്രീനിവാസമൂർത്തിയുടെ ഭാര്യ ഡോ.സുജ കെ.ശ്രീധരയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി ആരോപണം.
ബെംഗളൂരുവിലെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സുജയ്ക്ക് എതിരെയുള്ള ആരോപണം.
കേരളത്തിൽ നിന്നുള്ള ഈഴവ (ബില്ലവ-ഈഡിഗ) ജാതിയിൽപ്പെട്ട സുജ നെലമംഗല തഹസിൽദാരിൽ നിന്ന് വ്യാജ പട്ടികജാതി (എസ്സി) സർട്ടിഫിക്കറ്റ് നേടിയതായി പരാതിയിൽ പറയുന്നു.
സുജ, നെലമംഗല തഹസിൽദാർ, നെലമംഗല റവന്യൂ ഇൻസ്പെക്ടർ, വില്ലേജ് അക്കൗണ്ടന്റ് എന്നിവർക്കെതിരെ സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ പോലീസ് ഇൻസ്പെക്ടർ കുമാരസ്വാമി ടിആർ പരാതി രജിസ്റ്റർ ചെയ്തു.
മുൻ എംഎൽഎ കൂടിയായ കെ ശ്രീനിവാസമൂർത്തി തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഭാര്യയുടെ ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം നേടിയത്.
സുജയുടെ പേരിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ സ്ഥാനക്കയറ്റം നഷ്ടപ്പെട്ട ലക്ചറർ ഡോ.ശകുന്തള നീതി തേടി സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചു. സംഭവത്തിൽ നെലമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.