ബെംഗളൂരു: ചിക്കമംഗളൂരുവിൽ സ്വകാര്യ ബസ് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് മറിഞ്ഞ് ബസിലുണ്ടായിരുന്ന ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുദിഗെരെ താലൂക്കിലെ ഗോനിബിഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം.
ബംഗളുരുവിൽ നിന്ന് ഹൊറനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ചീക്കനഹള്ളി-കസ്കെബൈലിന് ഇടയിൽ ബേലൂർ മുടിഗെരെ റോഡിന് നടുവിൽ വെച്ച് ഡ്രൈവറുടെ നിയന്ത്രണം വിട്ട് കാപ്പിത്തോട്ടത്തിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് വീണത്.
ഈ അവസരത്തിൽ ബസിന്റെ ചില്ലിലൂടെ പുറത്തേക്ക് വീണ സുരേഖ (47) ബസിനടിയിൽപ്പെട്ടു മരിച്ചു.
10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ബാക്കിയുള്ളവർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
വീരഭദ്രേശ്വർ എന്ന സ്വകാര്യ ബസിൽ 48 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
പരിക്കേറ്റവരെ ബേലൂർ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സ ആവശ്യമുള്ളവരെ ഹാസനിലേക്ക് റഫർ ചെയ്തു.