ബെംഗളൂരു: കർണാടക മൈൻസ് ആൻഡ് ജിയോളജി ഡിപ്പാർട്ട്‌മെന്റ് വനിതാ ഓഫീസർ പ്രതിമ കെഎസിനെ നഗരത്തിലെ ദൊഡ്ഡകല്ലസന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പോലീസ് കേസ് അന്വേഷണം ആരംഭിക്കുകയും ഇരയുടെ മുൻ കാർ ഡ്രൈവർ കിരണിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിമ കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും നവംബർ 5 ന് തന്നെ തിരിച്ചെടുക്കണമെന്ന് അഭ്യർത്ഥിക്കാനാണ് പ്രതിമയുടെ അടുത്ത് കിരൺ എത്തിയതെന്നും പോലീസ് പറഞ്ഞു.
പ്രതിമ അത് നിരസിച്ചതിനെ തുടർന്ന് പ്രതിമയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
കുറ്റകൃത്യം ചെയ്ത ശേഷം കിരൺ സുഹൃത്തുക്കളോടൊപ്പം ചാമരാജനഗറിലെ മലേ മഹാദേശ്വര ഹിൽസിലേക്ക് (എംഎം ഹിൽസ്) ബൈക്കിൽ രക്ഷപെട്ടു.
ഇയാളുടെ ലൊക്കേഷനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടാൻ ലോക്കൽ പോലീസിനെ അറിയിച്ചു.
അതേസമയം കിരൺ ചെയ്ത കുറ്റത്തെക്കുറിച്ച് അവന്റെ സുഹൃത്തുക്കൾക്ക് അറിയില്ലായിരുന്നു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ കിരണിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
കിരണിന്റെ വിഷമങ്ങൾ കാരണം ഭാര്യ കിരണിനെ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു.
തന്റെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാൻ, കിരൺ പ്രതിമയെ തിരിച്ചെടുക്കാൻ സമ്മതിപ്പിക്കാൻ ശ്രമിച്ചു.
പല സന്ദർഭങ്ങളിലും, തന്നെ തിരികെ തിരികെയെടുക്കണമെന്ന് അഭ്യർത്ഥിച്ച് കിരൺ ഓഫീസിൽ ചെന്ന് പ്രതിമയെ കണ്ടിരുന്നുവെങ്കിലും വെറുതെയായി.
ഒടുവിൽ നവംബർ 5 ന് , പ്രതിമ തന്റെ ജോലി തിരികെ നൽകാൻ വിസമ്മതിച്ചപ്പോൾ കിരൺ പ്രതിമയെ കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി നവംബർ 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കിരണിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.