Read Time:1 Minute, 22 Second
ബെംഗളൂരു: മെട്രോ സർവീസുള്ള മേഖലകളിൽ ബസുകളുടെ പതിവ് സർവീസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ റൂട്ടുകൾ ബിഎംടിസി പുനഃക്രമീകരിക്കും.
പർപ്പിൾ ലൈനിലെ കെആർ പുരം–ബയ്യപ്പനഹള്ളി, കെങ്കേരി–ചല്ലഘട്ടെ പാതകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിനു പിന്നാലെയാണ് നടപടി.
ഗതാഗതക്കുരുക്ക് രൂക്ഷമായ കെആർ പുരം, ടിൻ ഫാക്ടറി, ബയ്യപ്പനഹള്ളി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ട്.
ഒപ്പം മെട്രോയുള്ള ഇടങ്ങളിൽ 4 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞതായി കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ റൂട്ടുകൾ പുനഃക്രമീകരിച്ച് മെട്രോ സർവീസില്ലാത്ത മേഖലകളിലേക്കു കൂടുതൽ ബസുകൾ ഓടിക്കാനാണു ബിഎംടിസി ഉദ്ദേശിക്കുന്നത്.
മെട്രോ ഫീഡർ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.