ബെംഗളൂരു : ജയനഗർ ഫോർത്ത് ബ്ലോക്കിൽ കൊമേഴ്‌സ്യൽ കോംപ്ലെക്സിന് സമീപത്തെ നടപ്പാതകളിലെ കൈയേറ്റങ്ങൾ ബെംഗളൂരു കോർപ്പറേഷൻ ഒഴിപ്പിച്ചു.
200-ഓളം അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ആറുമാസം മുമ്പ് കച്ചവടക്കാരോട് അനധികൃത നിർമിതികൾ പൊളിച്ചുമാറ്റണമെന്ന് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നു മാസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.
9, 10 പ്രധാന റോഡുകൾക്ക് പുറമെ ജയനഗർ ഷോപ്പിങ് കോംപ്ലക്‌സിന് സമീപമുള്ള 27-ാം ക്രോസ് റോഡ്, 27-ാം ക്രോസ് റോഡ്, 30-ാം ക്രോസ് റോഡ് എന്നിവിടങ്ങളിലെ പഴവണ്ടികളും ഉന്തുവണ്ടികളും ഉൾപ്പെടെയുള്ള കടകളും ജെസിബി ഉപയോഗിച്ച് ഒഴിപ്പിച്ചു.
ഉച്ചഭാഷിണിയിലൂടെ നടത്തിയ അറിയിപ്പുകളെത്തുടർന്ന് ബിബിഎംപി എഞ്ചിനീയർമാർ, പോലീസുകാരുടെയും മാർഷലുകളുടെയും ഒരു സംഘത്തിന്റെ പിന്തുണയോടെ, കച്ചവടക്കാർക്ക് ഫുട്പാത്ത് സ്വമേധയാ ഒഴിഞ്ഞുപോകാൻ കുറച്ച് സമയം അനുവദിച്ചു നൽകിയിരുന്നു.
കുറച്ചുനാൾ മുമ്പ് ജയനഗർ ഷോപ്പിങ് കോംപ്ലെക്‌സിലെ അനധികൃത സ്റ്റാളുകൾ കോർപ്പറേഷൻ ഒഴിപ്പിച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടിയാണ് നടപ്പാതകൾ ഒഴിപ്പിച്ചത്.
വർഷങ്ങളായി കച്ചവടം ചെയ്യുന്നവരെയും ഒഴിപ്പിച്ചിട്ടുണ്ട്. ദീപാവലിയോടനുബന്ധിച്ച് മികച്ച കച്ചവടം ലഭിക്കുമെന്ന് കരുതിയിരുന്ന സമയത്താണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്.
അതേസമയം, നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നതിനാലാണ് ഒഴിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.