ബെംഗളൂരു: ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ രണ്ട് വ്യത്യസ്ത എടിഎമ്മുകളിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 40 ലക്ഷം രൂപ മോഷണം പോയി.
മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതരായ നാല് പേർ എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് കുത്തിത്തുറന്ന് കൊള്ളയടിക്കുകയായിരുന്നു.
ചിക്കോടി അംബേദ്കർ നഗറിന് സമീപമുള്ള എസ്ബിഐ എഎംടിയിൽ നിന്ന് 23 ലക്ഷത്തിലധികം രൂപയും ചിക്കോടി താലൂക്കിലെ അങ്കാളി വില്ലേജിലെ ആക്സിസ് ബാങ്ക് എടിഎമ്മിൽ നിന്ന് 17 ലക്ഷം രൂപയും കവർന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎമ്മും മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാൻ 25 പോലീസ് ഉദ്യോഗസ്ഥരുടെ രണ്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
കവർച്ചയ്ക്ക് മുമ്പ് കള്ളന്മാർ എടിഎമ്മുകളിലെ സിസിടിവി ക്യാമറകൾ കറുത്ത പെയിന്റ് ഉപയോഗിച്ച് മറച്ചിരുന്നു.
കുറ്റകൃത്യത്തിൽ പ്രൊഫഷണലുകളായ പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നതായി പോലീസ് അറിയിച്ചു.
കവർച്ച നടക്കുന്ന എടിഎമ്മുകളിൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്നില്ല. സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎമ്മുകളാണ് ഇവർ ലക്ഷ്യമിട്ടത്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് എം വേണുഗോപാൽ പറഞ്ഞു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കിയോസ്കിന്റെ വാതിൽ കുത്തിത്തുറന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ചിക്കോടിയിലെ എസ്ബിഐ എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ മുഖംമൂടിയും കയ്യുറയും ധരിച്ച് എടിഎം മുറിച്ച് തുറക്കുന്നത് കണ്ടിരുന്നു.
വിജയപുരയിൽ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നും സമാനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഫോറൻസിക് സംഘം കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് സൂചനകൾ ശേഖരിച്ചു.