ബെംഗളൂരു : പാതിവഴിയിൽ നിലച്ച ഈജിപുര മേൽപ്പാലത്തിന്റെ പുനർനിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി ബി.ബി.എം.പി.
നിർമാണ കരാർ ഏറ്റെടുത്ത ബി.എസ്.സി.പി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് യന്ത്രങ്ങളും മറ്റുപകരണങ്ങളും സ്ഥലത്തെത്തിച്ചു.
റോഡരികിൽ നേരത്തേ കൂട്ടിയിട്ടിരുന്ന നിർമാണ അവശിഷ്ടങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യാമെന്ന് കമ്പനി ഉറപ്പുനൽകിയതായും അധികൃതർ അറിയിച്ചു.
2017-ലാണ് മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിർമാണ കരാർ ഏറ്റെടുത്തിരുന്ന സിംപ്ലക്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി പ്രവൃത്തി പാതിവഴിയിൽ നിർത്തുകയായിരുന്നു.
ഒട്ടേറെ തവണ ബി.ബി.എം.പി. കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സിംപ്ലക്‌സുമായുള്ള കരാർ റദ്ദാക്കിയ ബി.ബി.എം.പി. പ്രവൃത്തി ബി.എസ്.സി.പി.എല്ലിന് കൈമാറുകയായിരുന്നു.
നേരത്തേയുണ്ടായിരുന്നതിനേക്കാൾ 19.5 ശതമാനം അധികം തുകയും പദ്ധതിക്കായി നീക്കിവെച്ചു.
മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഹൊസൂർ റോഡിൽനിന്ന് ഓൾഡ് എയർപോർട്ട് റോഡിലേക്ക് അനായാസം പ്രവേശിക്കാമെന്നതാണ് നേട്ടം.
നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്.